2013 ഫെബ്രുവരി 12, ചൊവ്വാഴ്ച


നെസ്റ്റ് ലൈബ്രറി വാര്‍ഷീകം
ഇരിവേരി നെസ്റ്റ് ലൈബ്രറി എ ഗ്രേഡ് ലൈബ്രറിയായി
ഇരിവേരി.   ഇരിവേരി നെസ്റ്റ് ലൈബ്രറി ആരംഭിച്ചിട്ട് ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍  എ ഗ്രേഡ് ലൈബ്രറിയായി. ഇപ്പോള്‍ വിവിധ വിജ്ഞാനശാഖകളിലായി പതിനായിരത്തോളം പുസ്തകങ്ങളുള്ള ഈ ലൈബ്രറി ചെമ്പിലോട് ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ എ ഗ്രേഡ് ലൈബ്രറിയാണ്. എല്ലാ ദിവസവും  പുസ്തക വിതരണം നടത്തുന്നതിനായി രണ്ട് വനിതാ ലൈബ്രേറിയന്‍മാരുണ്ട്. വീടുകളില്‍ പുസ്തകം എത്തിച്ച് വായനയെ പ്രോല്‍സാഹിപ്പിക്കല്‍,പ്രതിമാസ ക്ലാസുകള്‍, ചര്‍ച്ചായോഗങ്ങള്‍, പഠനയാത്രകള്‍, വിവിധ പരിശീലനങ്ങള്‍, പോളിടെക്നിക്ക്,നെഹ്റു യുവ കേന്ദ്ര, യുവജനക്ഷേന ബോര്‍ഡ് എന്നിവയുടെ തൊഴില്‍ പരിശീലനങ്ങള്‍, 24 മണിക്കുറും പ്രവര്‍ത്തന സജ്ജമായ വായനാകേന്ദ്രം, എല്ലാ ആഴ്ചയിലും നടത്തുന്ന സൌജന്യ പി.എസ്.സി. പരിശീലനം, ജൈവോല്‍പ്പന്നങ്ങളുടെ ആഴ്ച ചന്ത,  വിഷരഹിത പച്ചക്കറി ഉല്പാദനം, വഴിയോര തണല്‍ പദ്ധതി തുടങ്ങിയവയും നെസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു. എ ഗ്രേഡ് പ്രഖ്യാപനം നെസ്റ്റിന്‍റെ വാര്‍ഷിക സമ്മേളനത്തില്‍‌ വെച്ച് സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി  ഏ.കെ. ചന്ദ്രന്‍ നിര്‍വ്വഹിച്ചു. സാംസ്കാരിക സമ്മേളനം  എടക്കാട് എം.എല്‍.എ. കെ.കെ.നാരായണന്‍ ഉല്‍ഘാടനം ചെയ്തു. പി.കെ.ശ്രീധരന്‍നമ്പ്യാര്‍ അധ്യക്ഷനായി. ലൈബ്രറി പ്രസിഡണ്ട് പി.വി.ബാലന്‍നായര്‍ പി.എസ്.സി. പരിശീലകരെ അനുമോദിച്ചു്ഉപഹാരം നല്കി. എസ്.എസ്.എല്‍.സി., പ്ലസ്.ടു  പരീക്ഷകളില്‍ മികവു് കാട്ടിയവര്‍ക്കുള്ള പുതിയവീട്ടില്‍ മാതയി അമ്മ, പി.വി.കുഞ്ഞമ്പു മാസ്റ്റര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ് വിതരണവും സമ്മാനദാനവും ഇ.ചന്ദ്രന്‍ നിര്‍വ്വഹിച്ചു. സംസ്കാരത്തിന്‍റെ വര്‍ത്തമാനം എന്ന വിഷയത്തില്‍ ജിനേഷ്കുമാര്‍ എരമം പ്രഭാഷണം നടത്തി. പ്രൊഫസര്‍ പി.വി.സദാനന്ദന്‍, ഇ.നാരായണന്‍, സി.സി.രാമചന്ദ്രന്‍, പി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പെരളശേരി എ.കെ.ജി. സ്മാരക ഹയര്‍ സെക്കണ്ടറി സ്കുള്‍ കുട്ടികളുടെ  ഗാനമേള, കണ്ണുര്‍ രത്നകുമാര്‍ ആന്‍റ് പാര്‍ട്ടിയുടെ  വിശുദ്ധപാഠങ്ങള്‍ കഥാപ്രസംഗം എന്നിവയും നടന്നു.